പൂക്കാന്‍ കൊതിക്കുന്ന ചില്ലകള്‍കഥ
..............
പെട്ടെന്ന്‌ ഒരു വലിയ കിതപ്പോടെ ബസ്‌ നിന്നു. കണ്ടക്‌ടറും ക്‌ളീനറും, വാതില്‍ക്കല്‍നിന്ന്‌ തിടുക്കപ്പെട്ട്‌ ഡ്രൈവറുടെ അടുത്തേക്കു ചെല്ലുന്നതും, തളര്‍ന്നുവീണ വണ്ടിക്കാളയെ തല്ലുന്നതുപോലെ ഡ്രൈവര്‍ ശബ്‌ദത്തോടെ ഗിയര്‍ വലിക്കുന്നതും, ബസിന്റെ ചാവി ശക്തിയോടെ തിരിക്കുന്നതുംനോക്കി അയാള്‍ ഉത്‌കണ്‌ഠയോടെ ഇരുന്നു.
- ഇനി ഇത്‌ സ്റ്റാര്‍ട്ടാവില്ലേ?
ബസിന്റെ സൈഡിലൂടെ അയാള്‍ പുറത്തേക്ക്‌ നോക്കി. ആകാശത്ത്‌ അങ്ങുമിങ്ങും ഒറ്റത്താരകങ്ങള്‍ കെടാന്‍ പോകുന്നതുപോലെ ഇടക്കിടെ ആളിക്കത്തുന്നു; ചക്രവാളച്ചരിവിലാകെ കാര്‍മേഘങ്ങള്‍ മസ്‌തകങ്ങള്‍ കുനിച്ച്‌ തളര്‍ന്നുകിടക്കുന്നു. അകലെ ടാര്‍ റോഡിന്റെ അറ്റത്ത്‌ വിളറിയ ചിരിയുമായി വഴിവിളക്ക്‌. കറുത്തചായം പടര്‍ന്നൊഴുകിയ ക്യാന്‍വാസ്‌പോലെ ചുറ്റും നോക്കുമ്പോള്‍ ഒന്നും വ്യക്തമാവുന്നില്ല. രാത്രി, ഇരുണ്ട്‌ കനക്കുകയായിരുന്നു.
ഡ്രൈവര്‍ ദേഷ്യത്തോടെ വീണ്ടും വീണ്ടും ചാവി തിരിച്ചിട്ടും, ഒരു നീണ്ട മുരളലോടെ വണ്ടി, അനക്കമറ്റുതന്നെ കിടന്നു. കമ്പിയില്‍ പിടിച്ച്‌ കുനിഞ്ഞ്‌ ഗ്‌ളാസിനിടയില്‍ക്കൂടി നോക്കി കണ്ടക്‌ടര്‍ ഡ്രൈവറോട്‌ എന്തോ പറയുന്നു. പുറകിലത്തെ സീറ്റുകളില്‍ തിക്കിത്തിരക്കിയിരുന്ന മേസ്‌തിരിമാരും കല്‍പണിക്കാരും ഉറക്കെ ചോദിച്ചു; ``ബ്രേക്ക്‌ ഡൗണാണോ? തള്ളണോ?''
ചുവന്ന ടവ്വല്‍കൊണ്ട്‌ മുഖം തുടച്ച്‌ ക്‌ളീനര്‍ തിരിഞ്ഞുനോക്കി പറഞ്ഞു, ``ഇനി പോവുമെന്നു തോന്നുന്നില്ല. വല്ലാതെ പുക വരുന്നു. മെക്കാനിക്ക്‌ വന്നാലേ പറ്റൂ.''
അയാള്‍ക്ക്‌ ആകെ മടുപ്പുതോന്നി. എന്തോ കാരണംകൊണ്ട്‌ മിക്ക ട്രാന്‍സ്‌പോര്‍ട്ട്‌ സര്‍വീസുകളും റദ്ദാക്കിയ കാര്യം അറിഞ്ഞത്‌ വൈകിയാണ്‌. വളരെനേരം കാത്തുനിന്നിട്ടാണ്‌ ടൗണില്‍നിന്ന്‌ അവസാനത്തെ വണ്ടിയായ ഈ പ്രൈവറ്റ്‌ ബസ്‌ കിട്ടിയത്‌. ഇത്‌ പലയിടത്തും ചുറ്റിക്കറങ്ങി, വീട്ടിലെത്തുമ്പോഴേക്കും വല്ലാതെ വൈകുമെന്നറിഞ്ഞെങ്കിലും, വീടിന്‌ തൊട്ടടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങാമല്ലോ എന്നാണയാള്‍ ആശ്വസിച്ചത്‌. മണിക്കൂറുകളായി ഈ ബസില്‍ ഇരിക്കുന്നു. ഇടറോഡുകളിലൂടെ ഇത്‌ കയറിയിറങ്ങിപ്പോകുന്നതിനിടയ്‌ക്ക്‌ പോക്കുവെയില്‍ നടന്നു മറഞ്ഞതും, സന്ധ്യയുടെ ചുവന്ന മുഖം കരുവാളിച്ചതും ഇരുള്‍ പുതച്ച്‌ രാത്രി വന്നതും അയാള്‍ കണ്ടില്ല.
അയാള്‍ ഓര്‍ത്തുകൊണ്ടിരുന്നത്‌ മറ്റൊന്നായിരുന്നു, വീട്ടില്‍ ചെന്നുകയറുമ്പോഴേക്കും, അമ്പു പോലെ തറക്കുന്ന ഭാര്യയുടെ വാക്കുകള്‍; ``എന്തായി? വക്കീലിനെ കാര്യം ബോധ്യപ്പെടുത്തിയോ? ജാമ്യം നീട്ടുമോ? ഞാന്‍ രാവിലെ വക്കീലിനോട്‌ സംസാരിച്ചിരുന്നു- സദാനന്ദേട്ടന്‍ ഒറ്റയ്‌ക്കു പോയതുകൊണ്ടാ എനിക്കു സംശയം, നടക്കുമോ?''
അകത്തുനിന്ന്‌ ഭാര്യയുടെ അമ്മ കൂര്‍പ്പിച്ച നോട്ടവുമായി ചോദിക്കും, ``എന്തായി സദാനന്ദാ, ഒന്നും ശരിയായിക്കാണില്ല അല്ലേ? എനിക്കറിയാം.''
ഇരട്ടക്കുട്ടികള്‍, മക്കള്‍, പെണ്‍കുട്ടികള്‍ വാതില്‍പ്പടിയില്‍ ശങ്കിച്ചുനില്‍ക്കും. ``അച്ഛാ, അച്ഛന്‌ ജയിലില്‍ കിടക്കേണ്ടിവരുമോ? പിന്നെ ഞങ്ങള്‍ സ്‌കൂളില്‍ പോവില്ല. തീര്‍ച്ച.''
ചൂടും വിങ്ങലും നിറഞ്ഞുനില്‍ക്കുന്ന മുറിയില്‍ ഫാന്‍പോലും കരകരാശബ്‌ദത്തില്‍ കുറ്റപ്പെടുത്തുന്നു, ഒന്നിനും കൊള്ളില്ലല്ലോ നിന്നെ, സദാനന്ദാ! സ്വന്തം കാര്യം നോക്കാനറിയാത്ത മണ്ടനാണ്‌ നീ!
പലപ്പോഴും ഭാര്യ അയാളെ ഓര്‍മ്മപ്പെടുത്തുന്നു, ``സദാനന്ദേട്ടാ, ബി പ്രാക്‌ടിക്കല്‍. ക്‌ളാസും റാങ്കും കിട്ടിയതുകൊണ്ടായില്ല!''
വായിക്കാനേതെങ്കിലും പുസ്‌തകം, ആര്‍ത്തിയോടെ എടുത്തുവയ്‌ക്കുമ്പോഴേക്കും ഭാര്യയുടെ വിമര്‍ശനം- തിളച്ചുപൊങ്ങുന്ന പാലില്‍ പെട്ടെന്ന്‌ തണുത്ത വെള്ളം ഒഴിച്ചതുപോലെ.
അയാള്‍ പരിക്ഷീണനായി ചൂരല്‍ക്കസേരയില്‍ ചാരിക്കിടക്കും. പുറത്ത്‌ അന്തിവെയില്‍ മോന്തി തുള്ളിക്കളിക്കുന്ന പൊന്‍തുമ്പികളും അയാളെ സന്തോഷിപ്പിച്ചില്ല. മാനത്തുമറഞ്ഞുനില്‍ക്കുന്ന എത്തിപ്പിടിക്കാനാവാത്ത പകല്‍നക്ഷത്രങ്ങളെക്കുറിച്ചോര്‍ത്തുകൊണ്ട്‌ പുസ്‌തകമടച്ചുവെയ്‌ക്കും.
``ഞാനെന്ത്‌ ചെയ്യണമെന്നാണ്‌ നീ പറയുന്നത്‌?''
ആ ചോദ്യവും അയാള്‍ പലപ്പോഴും ഭാര്യയോട്‌ ചോദിച്ചിട്ടുണ്ട്‌. അവള്‍ ഓരോ തവണയും ഓരോ നിര്‍ദ്ദേശങ്ങളാണ്‌ തരുന്നത്‌. അയാള്‍ക്കത്‌ മനസ്സിലാവുന്നുമില്ല.
പുതിയ കൂട്ടുകാരെ സമ്പാദിക്കാനയാള്‍ക്കറിയില്ല, പിശുക്കി ഉപയോഗിക്കുന്ന വാക്കുകള്‍ക്ക്‌ മറ്റുള്ളവരെ ആകര്‍ഷിക്കാനാവുന്നില്ലഎന്ന്‌ അയാള്‍ മനസ്സിലാക്കിയിട്ടുണ്ട്‌, ആള്‍ക്കൂട്ടത്തില്‍ അസ്വസ്ഥനാവുന്ന സ്വഭാവം മറ്റാനാവുന്നില്ല, പണമിടപാടുകളും അയാളെ അലോസരപ്പെടുത്തുന്നുണ്ട്‌. അതുകൊണ്ട്‌ ശമ്പളം കിട്ടുന്നത്‌ അതേപടി ഭാര്യയെ ഏല്‍പ്പിക്കുന്നു- കണക്കുകള്‍ അയാള്‍ സൂക്ഷിക്കാന്‍ മെനക്കെട്ടില്ല. സ്വന്തം ചെലവിനുള്ള പണംപോലും അയാള്‍ ഭാര്യയോടു ചോദിച്ചുവാങ്ങുന്നു. അയാള്‍ അധികം ചെലവാക്കുന്നത്‌ പുസ്‌തകങ്ങള്‍ വാങ്ങിക്കാന്‍മാത്രം.
എന്നാലും പരിഹാസത്തിന്റെ കൂര്‍ത്തമുള്ളുകള്‍കൊണ്ട്‌ ഭാര്യ അയാളെ നോവിക്കുന്നു.
മക്കള്‍ക്ക്‌ എത്ര വയസുണ്ട്‌, ഏതു ക്‌ളാസില്‍ പഠിക്കുന്നു എന്ന്‌ ചോദിച്ചാല്‍ സദാനന്ദേട്ടന്‌ അറിയില്ല. മാര്‍കേസിനോ ഡോസ്റ്റോവ്‌സതിക്കോ എത്ര ഭാര്യമാരുണ്ട്‌, മക്കളുണ്ട്‌ എന്നു ചോദിച്ചാല്‍ ഉടന്‍ പറയും.
വിജയലക്ഷ്‌മി എപ്പോഴും കണക്കുകൂട്ടലുകളുടെ ലോകത്തായിരുന്നു. മക്കളുടെ ഉന്നത വിദ്യാഭ്യാസം, അവരുടെ വിവാഹം, പുതിയ വീട്‌, കാറ്‌ - ഇനിയും നേടാനുള്ള പലതും അവള്‍ സ്വപ്‌നം കണ്ടുകൊണ്ടേയിരുന്നു. നടക്കാത്ത മോഹങ്ങള്‍ അവളെ നിരാശയാക്കി. അതിന്റെ അതൃപ്‌തിയും കോപവും വിഷാദവും അവളെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു.
അവളുടെ അതിരില്ലാത്ത ആഗ്രഹങ്ങള്‍, എങ്ങിനെയാണവയൊക്കെ നേടുന്നത്‌?
ഉത്തരം കിട്ടാത്ത സമസ്യകള്‍ക്ക്‌ മുമ്പില്‍ അയാള്‍ നിസ്സഹായനായിനിന്നു.
അയാളോര്‍ത്തു, ബാങ്കിലെ നിയമനഉത്തരവ്‌ വന്ന ദിവസം, അത്‌ അലസമായി അച്ഛന്റെ കൈയ്യിലേല്‍പ്പിച്ച്‌ തിരിച്ചുനടക്കുമ്പോള്‍ അച്ഛന്‍ വിളിച്ചു, ``മോനേ, നീയിതിന്‌ പോവുന്നില്ലേ?''
അയാള്‍ക്ക്‌ താല്‍പര്യം അദ്ധ്യാപകനാവുന്നതായിരുന്നു. എന്നിട്ടും അച്ഛന്റെ നിര്‍ബന്ധംകൊണ്ട്‌ അയാള്‍ പല ടെസ്റ്റുകളുമെഴുതി. ആദ്യം കിട്ടിയ ജോലി.
അയാള്‍ അച്ഛനോടു പറഞ്ഞു, ``കണക്കു ഇഷ്‌ടമേയല്ലച്ഛാ. കണക്കുകളുടെ ലോകം എനിക്ക്‌ ശരിയാവില്ല. ഞാന്‍ ഒരു ഫെയ്‌ലുര്‍ ആയിരിക്കും.''
``മോനേ, ബാങ്കിലേത്‌ നല്ല ജോലിയാണ്‌. നീ പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞു, ഇനിയും എം.ഫിലും പി.എച്ച്‌.ഡിയുമൊക്കെ വേണ്ടേ കോളേജില്‍ കയറാന്‍. കിട്ടുമെന്നുറപ്പുണ്ടോ? അച്ഛന്‍ റിട്ടയറായി ഇനിയും നീ പഠിച്ചുകൊണ്ടിരുന്നാല്‍? ''
റിട്ടയര്‍ ചെയ്‌ത സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ മകന്റെ ഭാവിയെക്കുറിച്ച്‌ വീണ്ടും ആകുലനായി.
രാത്രി അച്ഛന്‍ വീണ്ടും അടുത്തേക്കുവന്നു,മോനേ, നിന്റെ അമ്മ പോയത്‌ എനിക്ക്‌ പണവും പ്രതാപവുമൊന്നുമില്ലാഞ്ഞിട്ടാണ്‌. നിനക്ക്‌ ആ ഗതി വരരുത്‌. കിട്ടാത്ത ലക്‌ചറര്‍പോസ്റ്റിനെക്കാള്‍ കിട്ടിയ ഓഫീസര്‍ പോസ്റ്റാണ്‌ ഇപ്പോള്‍ നിനക്ക്‌ ആവശ്യം. ഭാവിയില്‍ നല്ല പൊസിഷനിലെത്താം.''
അയാള്‍ അച്ഛന്റെ മുഖത്തേക്കുനോക്കി. പരിക്ഷീണമായ ആ കണ്ണുകള്‍ക്കടയിലെ കറുപ്പും, മുഖത്തെ എണ്ണമറ്റ ചുളിവുകളുംണ അയാളെ ദു:ഖിപ്പിച്ചു. രാവിലെ ഭര്‍ത്താവിനെയും അഞ്ചുവയസുകാരന്‍ കുട്ടിയെയും സ്‌കൂളിലേക്ക്‌ പറഞ്ഞുവിട്ടിട്ട്‌, വീടുപൂട്ടി, താക്കോല്‍ക്കൂട്ടം പടിക്കെട്ടിന്റെ മൂലയില്‍ വെച്ചിട്ട്‌, അയല്‍പക്കത്ത്‌ താമസത്തിനെത്തിയ സമ്പന്നനായ ബിസിനസുകാരനോടൊപ്പം ഇറങ്ങിപ്പോയ അമ്മ.
അപമാനംകൊണ്ട്‌ കുനിഞ്ഞ ശിരസുമായി ദൂരേക്ക്‌ സ്ഥലംമാറ്റം വാങ്ങിച്ച്‌ മകനേയുംകൊണ്ട്‌ നാടുവിട്ട അച്ഛന്‍.
മുതിര്‍ന്നപ്പോള്‍ അയാള്‍, ഒരിക്കല്‍ ചോദിച്ചു, ``എന്തിനാണ്‌ അമ്മ അച്ഛനെ ഉപേക്ഷിച്ചത്‌?''
ഒരു തമാശ പറയുംപോലെ അച്ഛന്‍ പുഞ്ചിരിച്ചു, ``ഞാനൊരു പാവം സ്‌കൂള്‍ മാസ്റ്റര്‍. അവള്‍ പോയത്‌ ഒരു പണക്കാരന്റെ കൂടെ. എപ്പോഴും അവള്‍ പറയുന്ന ഒരു വാചകമുണ്ട്‌, നിങ്ങളെക്കൊണ്ട്‌ പഠിപ്പിക്കാനല്ലാതെ ഒന്നിനും കൊള്ളില്ലെന്ന്‌. അവളാഗ്രഹിച്ച പലതും എനിക്കില്ല. അവള്‍ക്ക്‌ വേണ്ടത്‌ ഞാന്‍ കൊടുത്തില്ല. അതെന്റെ തെറ്റ്‌.''
അതുകൊണ്ടുതന്നെ വിജയലക്ഷ്‌മി അയാളെക്കുറിച്ച്‌ പരാതികള്‍ പറയുമ്പോള്‍ അയാള്‍ നടുക്കത്തോടെ ഓര്‍ക്കും, അവളും ഒരു നാള്‍...?
തന്റെ ഛായ പേറുന്ന പെണ്‍മക്കളെ ഓര്‍ക്കുമ്പോള്‍ അയാളുടെ ഉള്ളു കലങ്ങും- അവരും തന്നെപ്പോലെ ഏകാനന്തതയും അനാഥത്വവും അറിയേണ്ടിവരുമോ?
ഒരിക്കലും പറിഞ്ഞുപോകാത്ത ഭാണ്‌ഡക്കെട്ടുപോലെ അച്ഛന്റെ തോളില്‍തൂങ്ങി 23 വര്‍ഷങ്ങള്‍. ആത്മനിന്ദയും അപകര്‍ഷതയുംകൊണ്ട്‌ കുനിഞ്ഞുപോയ അച്ഛന്റെ ചുമലുകള്‍. ബാല്യകൗമാരങ്ങളിലെ ഏകാന്തത കരയിക്കുമ്പോള്‍ പുസ്‌തകങ്ങളില്‍ ആശ്വാസം കണ്ടെത്തി.
``മോനേ, നീയും എന്നെപ്പോലെ പുസ്‌തകപ്പുഴു ആകല്ലേ, നീ ജീവിക്കാന്‍ പഠിക്കണം.'' അച്ഛന്‍ പറയുമായിരുന്നു.
ജീവിക്കാന്‍ ആരാണ്‌ പഠിപ്പിക്കുന്നത്‌. പാഠങ്ങളെല്ലാം പഠിച്ചുകഴിയുമ്പോള്‍ ജീവിതം തീരാറാവും- എന്നിട്ടും പരാതികള്‍, പരാതികള്‍മാത്രം ബാക്കി!
ആരോ ചെക്കില്‍ കള്ള ഒപ്പിട്ട്‌ മാറ്റിയ വന്‍തുകയുടെ വെട്ടിപ്പിന്റെ കഥ, ബാങ്കിന്റെ ഓഡിറ്റില്‍ വ്യക്തമായപ്പോള്‍, മാധ്യമങ്ങളിലെല്ലാം ബാങ്കിന്റെ ചിത്രവും അയാളുടെ മുഖവും നിറഞ്ഞിനിന്നപ്പോള്‍, കാട്ടുതീപോലെ വാര്‍ത്തകള്‍ പരന്നപ്പോള്‍....
ഭാര്യ വെറുപ്പോടെ വാക്കുകള്‍ കടിച്ചുതുപ്പി, ``സദാനന്ദേട്ടാ, ഇത്‌ കഴിവുകേടിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. ഞാനും ഒരു സ്ഥാപനത്തില്‍ വര്‍ക്ക്‌ ചെയ്യുന്നില്ലേ. എന്നെ ആര്‍ക്കും കളിപ്പിക്കാന്‍ പറ്റത്തില്ല. പൈസ ഉണ്ടാക്കാനോ അറിയില്ല, ചതിക്കപ്പെടാന്‍ നിന്നുകൊടുക്കാതിരിക്കാനെങ്കിലും അറിയേണ്ടേ? ആളുകളുടെ മുഖത്ത്‌ എങ്ങനെ നോക്കും. കാശ്‌ വെട്ടിച്ചില്ലെന്ന്‌ പറഞ്ഞാല്‌ ആരെങ്കിലും ഇനി വിശ്വസിക്കുമോ?''
ഭാര്യയുടെ അമ്മ, ബാങ്ക്‌ മാനേജരായി റിട്ടയര്‍ ചെയ്‌തവര്‍, ഭാര്യ നിര്‍ത്തിയിടത്തുനിന്നു തുടങ്ങി, ``ഞാനും മോള്‍ടെ അച്ഛനും ബാങ്കില്‍നിന്നുതന്നാ റിട്ടയര്‍ ചെയ്‌തത്‌. ഞങ്ങള്‍ക്കൊരു കുഴപ്പവും ഇതുവരെ പറ്റിയിട്ടില്ലല്ലൊ. ഇങ്ങനെ ഏതു നേരവും പുസ്‌തകവും വായിച്ച്‌ ഇരുന്നാലെങ്ങനെ? എന്റെ മോളുടെ ഒരു ഗതി.''
കുറ്റപ്പെടുത്തലുകളും പഴിചാരലുകളും കടവാതിലുകള്‍പോലെ കറുത്ത ചിറകുകള്‍ വീശി മുറിക്കുള്ളില്‍ പാറിനടന്നു. ഉരുകിയൊലിക്കുന്ന അരക്കില്ലത്തില്‍ അകപ്പെട്ട ഭിക്ഷാംദേഹിയെപ്പോലെ അയാള്‍ നീറിപ്പിടഞ്ഞു. ഇരുട്ടില്‍ ഒറ്റയ്‌ക്ക്‌ മുറിയില്‍ കിടക്കുമ്പോള്‍ തുറന്നുകിടന്ന കതകിനപ്പുറത്ത്‌ കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയില്‍ അയാള്‍ പരതി, അച്ഛന്‍ അവിടെയെങ്ങാനും ഒളിച്ചു നില്‍ക്കുന്നുണ്ടോ? പെട്ടെന്ന്‌ അടുത്തേക്ക്‌ വന്ന്‌്‌ തന്റെ തോളില്‍പിടിച്ച്‌ ശിരസ്സു തടവി തളര്‍ച്ച മാറ്റുമോ?
അയാള്‍ അറിയാതെ തേങ്ങി.
പെട്ടെന്ന്‌ ആരോ കുലുക്കിവിളിച്ചു. ``സര്‍, സര്‍... എവിടേക്കാ?''
അയാള്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നു; കണ്ടക്‌ടറാണ്‌.
``സാറേ ഇനി വണ്ടി പോകത്തില്ല. സാറിവിടെ ഇറങ്ങുന്നോ...? സാറിനു പോകേണ്ടത്‌ കദളിപുരത്തേക്കല്ലേ. ആ കാണുന്നത്‌ കുറുക്കുവഴിയാണ്‌. അതിലെ പോയാല്‍ ഒരു പാലമുണ്ട്‌. പാലം കടന്നാല്‍ മാര്‍ക്കറ്റ്‌ റോഡിലെത്തും. എല്ലാംകൂടി മുക്കാല്‍ മണിക്കൂര്‍. അല്ലെങ്കില്‍ ഇവിടെ ഇരുന്നാല്‍ വരുന്ന ഏതെങ്കിലും ലോറിയില്‍ കയറ്റിവിടാം. മതിയോ?''
അയാള്‍ ചുറ്റുംനോക്കി. ബസിനുള്ളില്‍ വിരലിലെണ്ണാവുന്നവര്‍മാത്രം. മിക്കവരും പുറത്തിറങ്ങിനില്‍ക്കുന്നു. ചിലര്‍ ടാര്‍ റോഡിലൂടെ നടക്കുന്നു. ഡ്രൈവര്‍ ഒരു തോര്‍ത്തുവിരിച്ച്‌ പുറകിലത്തെ സീറ്റില്‍ നിവര്‍ന്നു കിടക്കുന്നു.
അയാള്‍ ആലോചിച്ചു. അപ്പുറത്ത്‌ മാറി സീറ്റില്‍ കിടന്നാലോ? കാത്തിരിക്കുന്ന കറുത്തമുഖങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ തിരിച്ചുപോകാന്‍ തോന്നുന്നില്ല. പക്ഷേ, കാണാതിരുന്നാല്‍ വീട്ടിലുണ്ടാവുന്ന ബഹളങ്ങളെ ഓര്‍ത്തു. വിഷമിച്ചു വാടിനില്‍ക്കുന്ന പെണ്‍മക്കളെ ഓര്‍ത്തു.
``ഞാന്‍ നടന്നോളാം, ലോറീലൊന്നും കേറാന്‍മേല'', കണ്ടക്‌ടറോട്‌ പറഞ്ഞ്‌ ഇറങ്ങി. പെട്ടെന്ന്‌ ഫോണ്‍ ശബ്‌ദിച്ചു- ഭാര്യ; ``എന്താ സദാനന്ദേട്ടാ, വക്കീലിനെ കണ്ടില്ലേ? എന്താ വരാന്‍ താമസിക്കുന്നത്‌?''
``ബസ്‌ കിട്ടിയപ്പോള്‍ താമസിച്ചു- അരമണിക്കൂറിനകം എത്തും. ഞാന്‍ വിളിക്കാം.'' ഫോണില്‍ക്കൂടിയുള്ള അവളുടെ ശാസനകളും നിര്‍ദ്ദേശങ്ങളും ഭയന്നാണ്‌ അയാള്‍ കള്ളം പറഞ്ഞത്‌.
മുന്‍കൂര്‍ ജാമ്യം കിട്ടിയത്‌ വിജയലക്ഷ്‌മിയുടെ ഒറഉ ഭനഅധഉഴആയ ഴഖഅഖഈളഅഞ ണഉഖഏനയആണ്‌. അദ്ദേഹംതന്നെയാണ്‌ നഗരത്തിലെ പ്രസിദ്ധനായ വേറൊരു വക്കീലിനെ കാണാന്‍ ഏര്‍പ്പാടാക്കിയതും#ം. ഡ്രൈവറെ വിളിച്ച്‌, വിജയലക്ഷ്‌മിയും ഒപ്പം വരാമെന്ന്‌ തീരുമാനിച്ചതാണ്‌. പക്ഷേ, വാര്‍ത്ത വന്നപ്പോള്‍ മുതല്‍ ബി.പി. കൂടിയ അമ്മയ്‌ക്ക്‌ അസുഖം കൂടിയതിനാല്‍ കാറുമായി അവള്‍ ഹോസ്‌പിറ്റലിലേക്ക്‌ പോവുകയായിരുന്നു. പോകാന്‍നേരത്ത്‌ മുന്നറിയിപ്പുപോലെ അവള്‍ പറഞ്ഞു, ``സദാനന്ദേട്ടാ, ഒറ്റയ്‌ക്കു പോകുന്നതൊക്കെ കൊള്ളാം, എത്ര ഇരുട്ടിയാലും വക്കീലിനെ കണ്ട്‌ കാര്യം സാധിച്ചിട്ടേ വരാവൂ. തിരക്കുള്ളയാളാണ്‌. രഘുനാഥ്‌ പറഞ്ഞിട്ടാണ്‌ അയാള്‍ സമ്മതിച്ചത്‌. കാണാതെ വന്നേക്കരുത്‌.''
അവള്‍ ചൂണ്ടുവിരല്‍ ഭീഷണിപ്പെടുത്തുന്നതുപോലെ അയാളുടെ നേര്‍ക്ക്‌ ചൂണ്ടി. അതുകൊണ്ടാണ്‌ അയാള്‍ മണിക്കൂറോളം അഡ്വക്കേറ്റിന്റെ ഓഫീസ്‌ മുറിയില്‍ കാത്തിരുന്നത്‌.
വക്കീല്‍ പറഞ്ഞു, ``എനിക്ക്‌ കാര്യങ്ങളെല്ലാം അറിയാം. നിങ്ങളുടെ മിസിസ്‌ വിജയലക്ഷ്‌മിയും എന്റെ ഫ്രന്റ്‌ രഘുനാഥുമെല്ലാം വിശദമായി പറഞ്ഞിരുന്നു. നിങ്ങള്‍ ആളൊരു ശുദ്ധനും പാവവുമാണെന്നും പറഞ്ഞു. പക്ഷേ, മിസ്റ്റര്‍ സദാനന്ദന്‍, കുഴപ്പത്തില്‍ ചെന്നുചാടുന്നതിന്‌ ഇത്‌ ഒരു എക്‌സ്‌ക്യൂസല്ല. നമ്മുടെ കാര്യം നോക്കാനുള്ള കഴിവ്‌ നമുക്കു വേണ്ടേ?''
വക്കീലിന്റെ ഇറുകിയ കണ്ണുകളില്‍ സഹതാപച്ചിരി. പെട്ടെന്ന്‌, വളഞ്ഞുകൂര്‍ത്ത കൊളുത്തുകള്‍കൊണ്ട്‌ ആരോ ഉള്ളില്‍നിന്ന്‌ പുറകോട്ടുവലിക്കുന്നതുപോലെ അയാള്‍ക്ക്‌ തോന്നി.
നിന്നെക്കൊണ്ട്‌ എന്തിന്‌ കൊള്ളാം? പഠിച്ച്‌ റാങ്ക്‌ വാങ്ങിക്കാനല്ലാതെ?
രാത്രിയുടെ വിടര്‍ത്തിയ കറുത്ത കുടയ്‌ക്കുകീഴേ, ഒറ്റയ്‌ക്ക്‌ പതുക്കെ നടക്കുമ്പോള്‍ പേടി തോന്നുന്നില്ലെന്ന്‌ അയാള്‍ അത്ഭുതത്തോടെ ഓര്‍ത്തു; ആള്‍ക്കൂട്ടമാണ്‌ അയാളെ എന്നും വിഷമിപ്പിച്ചിരുന്നത്‌. ഇരുള്‍മേഘങ്ങള്‍മൂടിയ ആകാശത്തിന്റെ വിളുമ്പില്‍നിന്ന്‌ നിറംകെട്ട അമ്പിളി എത്തിനോക്കി.
വീതിയില്ലാത്ത പാലം കഴിഞ്ഞ്‌ മണ്‍വഴി, ഒരു വെളിമ്പ്രദേശത്തേക്കാണ്‌ ഇറങ്ങുന്നത്‌. വഴിയും പറമ്പും തിരിച്ചറിയാന്‍ വയ്യ്‌. അയാള്‍ സൂക്ഷിച്ച്‌ ഇറക്കമിറങ്ങി. നേര്‍ത്ത നിലാവെളിച്ചത്തില്‍ അകലെയൊരു വെളുത്ത രൂപം കാണുന്നു. കാലില്‍ പുരളുന്ന മണല്‍ത്തരികളുടെ അടക്കിയ നിശ്വാസം. നേര്‍ത്ത കാറ്റു കുടയുന്ന ചാറ്റല്‍മഴയുടെ സാന്ത്വനം. അയാള്‍ ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടണ്‍ അഴിച്ചുതുറന്നിട്ടു. മധ്യവേനലിലെ രാത്രിയുടെ ഈര്‍പ്പമുള്ള ചൂടും, ഇടയ്‌ക്ക്‌ ചാറിപ്പെയ്യുന്ന മഴയും ഏറ്റുനടക്കുമ്പോള്‍, ഉള്ളിലെ അസ്വസ്ഥതകളെല്ലാം ശമിക്കുന്നതുപോലെ.
എത്രയോ നാളുകളായി, പിന്‍നിലാവിന്റെ തെളിവെട്ടത്തില്‍ നടന്നിട്ട്‌- വേനല്‍മഴയുടെ പുണ്യാഹമേറ്റിട്ട്‌.
അയാള്‍ ഓര്‍മ്മകളുടെ വയല്‍വരമ്പിലൂടെയും ഇടവപ്പാതിയിലൂടെയും മിന്നല്‍പ്പിണരുകളിലേക്കും യാത്ര ചെയ്‌തു. ഉള്ളുനിറയുന്ന ചിരിയോടെ അപ്പൂപ്പന്‍ താടിയില്‍ തൂങ്ങിപ്പറക്കുന്നതുപോലെ വിജനമായ ആ തിട്ടയിലൂടെ പതുക്കെ നടന്നു. ആ വെളുത്ത രൂപത്തിന്റെ അടുത്തേക്ക്‌ ചെന്നപ്പോള്‍ അത്‌ ചലിക്കുന്നതുപോലെ. അയാള്‍ നടുക്കത്തോടെ ചോദിച്ചു, ``ആരാത്‌?''
ആ രൂപം അനങ്ങിയില്ല. അയാള്‍ വിറയലോടെ അടുത്തേക്ക്‌ ചെന്നു. കമഴ്‌ത്തിവെച്ച ഒരു തടിവള്ളത്തിന്റെ ഓരം ചാരിയിരിക്കുന്നു വെളുത്ത ഹൗസ്‌കോട്ടിട്ട ഒരു സ്‌ത്രീ. അവരുടെ നീണ്ടമുടി അഴിഞ്ഞ്‌ തോളും പുറവും കവിഞ്ഞ്‌ താഴേക്ക്‌ ഒഴുകി, പൂഴിമണ്ണില്‍ പരന്നുകിടന്നു. വെള്ളത്തുള്ളികള്‍ ഒലിച്ചിറങ്ങുന്ന നെറ്റിയും മുഖവും. അവര്‍ തലതിരിച്ചു ചോദിച്ചു, ``നിങ്ങളാരാ?''
അവരുടെ ശബ്‌ദം ഇടറിയിരുന്നു. ഇപ്പോള്‍ കരഞ്ഞുതോര്‍ന്നതേയുള്ളു. ആരുമില്ലാത്ത ഈ പുറംപ്രദേശത്ത്‌ ഒറ്റയ്‌ക്കിരിക്കുന്ന ഇവര്‍ ആരാണ്‌.
അയാള്‍ അവിടെനിന്നു. അയാളുടെ പേടി മാറിയിരുന്നു. അയാള്‍ ചോദിച്ചു, ``ഞാന്‍ കദളീപുരത്തേക്കാണ്‌. നിങ്ങളിവിടെ ഇരിക്കുന്നതെന്തിനാണ്‌. ഈ രാത്രിയില്‍ ചാറ്റല്‍ മഴയത്ത്‌?''
അവര്‍ തലയുയര്‍ത്തി അയാളെ സൂക്ഷിച്ചുനോക്കി. ആ നയനങ്ങല്‍ തുളുമ്പിനിന്നിരുന്നു. അയാള്‍ക്കുതോന്നി, എന്നും കണ്ണാടിയില്‍ കാണുന്ന എന്റെ കണ്ണുകള്‍പോലെത്തന്നെ ഈ മിഴികളും.
അയാള്‍ക്ക്‌ അവരുടെ അടുത്തേക്ക്‌ ഇരിക്കണമെന്നുതോന്നി. പായല്‍ വഴുക്കി പടിച്ചുകിടക്കുന്ന, വള്ളത്തില്‍പ്പിടിച്ച്‌ അയാള്‍ മെല്ലെ പൂഴിമണ്ണില്‍ ഇരുന്നു.
അവര്‍, പറഞ്ഞു വളരെ പതുക്കെ: ``ഇതൊരു വലിയ പുഴയായിരുന്നു. എല്ലാരും മണലൂറ്റി, മണലൂറ്റി വറ്റിപ്പോയതാണ്‌. പുഴയായാലും പെണ്ണായാലും തുളുമ്പിനിന്നാല്‍ ആവശ്യക്കാരുണ്ടാവും. ഇല്ലെങ്കില്‍ ഇതുപോലെ, ചവുട്ടിമെതിച്ച്‌ കടന്നുപോവും.''
``എന്തുപറ്റി? വീട്ടില്‍ വല്ല പ്രശ്‌നവും?''
അവര്‍ മന്ദഹസിച്ചു, ``എനിക്ക്‌ വീടൊന്നുമില്ല. ഭര്‍ത്താവും പിള്ളാരും അച്ഛനുമ്മയുമൊക്കെയുള്ള വീട്‌ എനിക്ക്‌ ഒരിക്കലും ഉണ്ടായിട്ടില്ല. എന്റെ അമ്മയ്‌ക്കോ, അമ്മൂമ്മയ്‌ക്കോ ഉണ്ടായിരുന്നില്ല.'' അവര്‍ പൂഴിമണ്ണില്‍ വിരലോടിച്ചു.
``പിന്നെ ആരാണ്‌ കൂടെയുള്ളത്‌?''
ഒരു മങ്ങിയ ചിരിക്കൊടുവില്‍ ഇടറിയ ശബ്‌ദത്തോടെ അവര്‍ ചോദിച്ചു, ``സാറിന്റെ പേരെന്താ? അറിയാന്‍ വേണ്ടി ചോദിക്കുകയാണോ?''
``എന്താ അങ്ങിനെ ചോദിച്ചത്‌?'' അയാള്‍ അത്ഭുതത്തോടെ ചോദിച്ചു.
അവര്‍ പൂഴി വാരി താഴേക്കിട്ടുകൊണ്ടുപറഞ്ഞു, ``എനിക്കു പറയാനുള്ളത്‌ കേള്‍ക്കാന്‍ ആരും ഇല്ലായിരുന്നു. പക്ഷേ, എന്നും എല്ലാവരും പറയുന്നതുകേള്‍ക്കാന്‍ ഞാന്‍ നിന്നുകൊടുത്തിട്ടുണ്ട്‌. അങ്ങിനായിപ്പോയി, ഓര്‍മ്മയുള്ള കാലം തൊട്ട്‌. എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരാള്‍ ചോദിച്ചത്‌ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. ഞാനാരാന്ന്‌ അറിഞ്ഞാല്‌ സാറ്‌ ഇവിടെ എന്റടുത്ത്‌ ഇരിക്കത്തില്ല. പറയട്ടോ?''
നഷ്‌ടപ്പെട്ടുപോയ ഒരു സുഹൃത്ത്‌ ഉടലോടെ തിരിച്ചുവന്നതായി അയാള്‍ക്കു തോന്നി. പൂഴിമണല്‍ വാരിക്കൊണ്ടിരിക്കുന്ന അവരുടെ വിരലുകളെ അയാള്‍ തലോടി. മണ്ണില്‍ പുരണ്ട കൈകള്‍ കൊണ്ട്‌ അയാളുടെ വിരലുകള്‍ മുറുകെപിടിച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞു.
``നിങ്ങടെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ ലൈംഗികതൊഴിലാളി. അല്ലാതാര ഈ രാത്രിയില്‍ ആരേം ഒന്നിനേം പേടിക്കാതെ ഇവിടെ ഒറ്റക്കിരിക്കുന്നത്‌?''
``പേര്‌?'' ആ കരയുന്ന കണ്ണുകള്‍ അയാളെ അസ്വസ്ഥനാക്കി.
``നാട്ടുകാര്‍ വിളിക്കുന്നതിലൊന്നും നല്ല പേരില്ല എനിക്ക്‌. എനിക്ക്‌ ഈ തൊഴിലേ അറിയത്തൊള്ളു സാറേ. എന്റെ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും ഇതുതന്നെയാരുന്നു തൊഴില്‌. ഞങ്ങടെ വീട്ടില്‌ ആണുങ്ങള്‌ വന്നുപോവുന്നവര്‌ മാത്രം. അച്ഛനും അമ്മാവനും അപ്പൂപ്പനും ആങ്ങളമാരും ഒന്നും ഞങ്ങള്‍ക്കില്ല, ആണുങ്ങള്‌ മാത്രം!''
``സഹോദരങ്ങളില്ലേ?''
``എനിക്ക്‌ ഒരു ആങ്ങളയുണ്ടാര്‌ന്നു. പ്രായമായപ്പം നാടുവിട്ടുപോയി. അമ്മേടെ ആങ്ങളമാരും അതുപോലെത്തന്നെ. ഞങ്ങടെ കാശ്‌ വേണം, തുണയായി ആരും നിക്കത്തില്ല.''
``നിങ്ങള്‍ക്ക്‌ മോളുണ്ടോ?''
``ഒരു മോളുണ്ട്‌.'' അവര്‍ നിര്‍ത്തി, നിശബ്‌ദമായി ഇരുന്നു. ഒരു തേങ്ങല്‍ ഇടയ്‌ക്ക്‌ കേട്ടു. അവളെവിടെ എന്ന്‌ അയാളുടെ മുഖത്തുനിന്നും ഒരു ചോദ്യം വായിച്ചെടുത്ത്‌ അവര്‍ തുടര്‍ന്നു, ``എന്റെ കൂടെ നിന്നാ അവള്‌ ഇങ്ങിനെയായിപ്പോവുമെന്ന്‌ പറഞ്ഞ്‌ പള്ളീന്ന്‌ അച്ചനും സിസ്റ്ററുമാരുംവന്ന്‌ കൊണ്ടുപോയി. പഠിക്കാന്‍ മിടുക്കിയായിരുന്നു. അഞ്ചാംക്‌ളാസുമൊതല്‍ അവളവരുടെ കൂടെയാ. ഇപ്പഴ്‌ എന്‍ജിനീയറിംഗ്‌ കിട്ടി. ഇന്ന്‌ കന്യാസ്‌ത്രീകള്‌ എന്റെ വീട്ടിലേക്ക്‌ വന്നു. എന്നെയും അവളുടെ അടുത്തേക്ക്‌ കൊണ്ടുപോകാനാണ്‌ വന്നത്‌. അവള്‍ക്ക്‌ എന്റെകൂടെവന്ന്‌ താമസിക്കാന്‍ ഇഷ്‌ടമില്ലെന്ന്‌. അവിടെ ചെല്ലാനാ അവളും പറയുന്നത്‌. എന്തെങ്കിലുമൊരു ജോലി അവര്‌ തരാമെന്ന്‌.''
``അവരുടെ കൂടെ പോകാന്‍ പാടില്ലേ?''
``എത്രയോ കാലങ്ങളായി ചെയ്യുന്ന തൊഴില്‌ പെട്ടെന്നൊരു ദിവസം നിര്‍ത്തി വേറെ ജോലി എടുക്കാമ്പറഞ്ഞാ പ്രയാസമാ സാറേ. എനിക്ക്‌ ഇഷ്‌ടപ്പെട്ട തൊഴില്‌ തന്നാ ഇത്‌. പക്ഷെ, എന്റെ മോള്‍ക്കിഷ്‌ടല്ല. എന്നെ വെറുപ്പാണത്രെ. എനിക്കവളെ ജീവനാ സാറേ. ഞാന്‍ എന്തു ചെയ്യാനാ?''
അവര്‍ മുഖംപൊത്തിക്കരഞ്ഞു. ആകാശത്ത്‌ കരിമേഘങ്ങള്‍ കനത്തു. അകലെയേതോ അമ്പലത്തില്‍ നിന്ന്‌ കേള്‍ക്കുന്ന നാദസ്വരത്തിന്റെ നേര്‍ത്ത്‌ അലകള്‍. അവര്‍ അത്‌ ശ്രദ്ധിച്ച്‌ തേങ്ങല്‍ നിര്‍ത്തി. മുഖം തുടച്ചു. പിന്നെ വള്ളത്തില്‍ ചാരിയിരുന്ന്‌ പതിഞ്ഞ ശബ്‌ദത്തില്‍ പാടി,
പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ,
എനിക്കാവതില്ലേ, കണിക്കൊന്നയല്ലേ
പൂത്താലിയാടി കളിക്കുന്ന കൊമ്പത്ത്‌
നില്‍ക്കും കണിക്കൊന്നയല്ലേ
പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ
അയാള്‍ക്ക്‌ പെട്ടെന്ന്‌ ഉള്ളില്‍ ആരോ ജാലകം തള്ളിത്തുറന്നതുപോലെ തോന്നി. ആ ചതുരപ്പഴുതിലൂടെ കാഴ്‌ചകള്‍ കാണാന്‍ തുടങ്ങി. ഒരു വേനല്‍മഴയില്‍ കുതിര്‍ന്ന രാത്രിയില്‍ തുറനനുപോയ കിളിവാതിലിന്റെ അഴിയില്‍ വന്നുമുട്ടുന്ന കൊന്നത്തളിര്‍ അയാള്‍ കണ്ടു. അതിന്റെ കടുംപച്ചനിറമാര്‍ന്ന ഇലകള്‍ക്കിടയിലൂടെ സ്വര്‍ണ്ണക്കിങ്ങിണികള്‍ കൂട്ടിക്കെട്ടിയതുപോലെ ഒരു കുല പൂവ്‌. ഇന്നലെവരെ ഗ്രീഷ്‌മതാപത്തില്‍ കരുവാളിച്ച്‌, രണ്ടോ മൂന്നോ ശാഖികളുമായി വീടിന്റെ ഭിത്തിയോട്‌ ചേര്‍ന്ന്‌ ഒതുങ്ങിനിന്ന മഞ്ഞക്കൊന്ന പെട്ടെന്നൊരു കണിയുമായി കാണാനെത്തിയിരിക്കുന്നു. അയാള്‍ക്കന്ന്‌ പത്തുവയസ്‌. അയാള്‍ അകത്തേക്കു ഓടിച്ചെന്ന്‌ അച്ഛനെ വിളിച്ചു.
അച്ഛന്‍ ആഹ്‌ളാദം തുള്ളിത്തുളുമ്പുന്ന മുഖത്തോടെ നിറഞ്ഞുപെയ്യുന്ന മഴയിലേക്ക്‌ ജനാലഴികളിലൂടെ കൈനീട്ടി, കൊന്നത്തണ്ട്‌ പതുക്കെ അകത്തേക്ക്‌ വലിച്ചടുപ്പിച്ചു. ജലബിന്ദുക്കള്‍ നേര്‍ത്ത വിരലുകള്‍കൊണ്ട്‌ ഇക്കിളിപ്പെടുത്തിയതുപോ#ോലെ കുലുങ്ങിക്കുലുങ്ങി ചിരിച്ചുനില്‍ക്കുന്ന പൂങ്കുല കയ്‌ക്കുമ്പിളില്‍ ചേര്‍ത്ത്‌ അച്ഛന്‍ ചോദിച്ചു, ``നീ കേട്ടിട്ടുണ്ടോ ഈ കവിത. അയ്യപ്പപ്പണിക്കര്‍ സാറിന്റേതാണ്‌.''
അച്ഛന്‍ വലത്തെ കൈകൊണ്ട്‌ മകനെ ചേര്‍ത്തുപിടിച്ച്‌ ഇടത്തേകൊണ്ട്‌ കൊന്നയെ ലാളിച്ചുകൊണ്ട്‌ പാടി, പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ....
മഴ തോരുന്നതുവരെ, അച്ഛന്‍ കട്ടിലിലിരുന്ന്‌ പാടി- അച്ഛനോട്‌ ചേര്‍ന്നിരുന്ന്‌ അയാള്‍ കവിത കേട്ടു. പെട്ടെന്നയാളുടെ കണ്ണുകള്‍ കവിഞ്ഞൊഴുകി.
അവര്‍ ചൊല്ലുന്നതു നിര്‍ത്തി അയാളുടെ മുഖത്തേക്കു നോക്കി.
``ഇതാരാ പഠിപ്പിച്ചത്‌?''
``കഥയെഴുതുന്ന ഒരു സാറ്‌. ആരുടേതാണെന്നൊന്നും അറിയില്ല. എന്നെ നല്ല കവിതയൊക്കെ പാടിക്കേള്‍പ്പിക്കും. ചെലത്‌ പഠിപ്പിക്കും. വിഷമം വരുമ്പോള്‍ ഞാനത്‌ ഉറക്കെ ചൊല്ലും അപ്പോള്‍ നല്ല ആശ്വാസമാവും.'' അവര്‍ ഓര്‍മ്മകളില്‍ സ്വയം മുഴുകി പറഞ്ഞു, ``അദ്ദേഹം വന്നാല്‍ മൂന്നാല്‌ മാസം എന്റടുത്തുനില്‍ക്കും. വലിയ ആളാ. മരിക്കാറായപപോഴും എന്റടുത്തുവന്നു. നിന്റടുത്തു കിടന്നു മരിക്കണം, നീയേ എന്നെ മനസിലാക്കിയിട്ടുള്ളൂ എന്നൊക്കെ പറയും. പക്ഷേ, വീട്ടുകാര്‌ വന്ന്‌ അദ്ദേഹത്തെ കൊണ്ടുപോയി. പിന്നെ മരിച്ചു. പലരും വരുമായിരുന്നു. വല്യ പാട്ടുകാര്‌, പടം വരയ്‌ക്കുന്നോര്‌, കവിത എഴുതുന്നോര്‌... എല്ലാവര്‍ക്കും ഞാന്‍ വേണം. ഞാന്‍ അവരില്‍ നിന്നൊന്നും ഒന്നും ആഗ്രഹിച്ചില്ല.''
അയാള്‍ ചാരിയിരുന്ന്‌ കണ്ണടച്ചു കേട്ടു. അടഞ്ഞ മിഴികളിലൂടെ സുഗന്ധവല്ലിയെ തിരക്കി പോയ സ്വാതിതിരുനാളിനെ കണ്ടു, അഞ്‌ജനീദേവിയെ കാണാന്‍പോയ രവിവര്‍മ്മയെ കണ്ടു.
പിന്നെ അയാള്‍, ലാസ്യനര്‍ത്തകിയെപ്പോലെ പവന്‍ വാരിയണിഞ്ഞ്‌ ഉലഞ്ഞാടി നില്‍ക്കുന്ന കണിക്കൊന്ന കാണുകയായിരുന്നു. കാണെകാണെ ഉള്ളില്‍ സങ്കടം നിറയുന്നു.
ആരോ തന്റെ നെറുകയില്‍ സ്‌നേഹമസൃണമായി തലോടുന്നതുപോലെ. അയാള്‍ കണ്ണുതുറന്നു. നേര്‍ത്ത പുഞ്ചിരിയോടെ അവര്‍ അയാളുടെ ശിരസ്സു തടവുന്നതാണ്‌.
``എനിക്കറിയാം, സാറിന്റെ മനസും വല്ലാതെ വേവുന്നുണ്ടെന്ന്‌. അതാരും അറിയുന്നില്ലെന്ന്‌. നമ്മളെ ആരും മനസിലാക്കത്തില്ല സാറേ. അത്‌ പ്രതീക്ഷിക്കേണ്ട. പ്രതീക്ഷിച്ചാലും കിട്ടത്തില്ല.''
അവര്‍ ഒരു കുഞ്ഞിനെയെന്ന പോലെ അയാളെ അണച്ചുപിടിച്ചു.
``നിങ്ങള്‍ പോയാല്‍പ്പിന്നെ തിരിച്ചുവരില്ല ഇല്ലേ?''
അവര്‍ ദീര്‍ഘനിശ്വാസത്തോടെ വള്ളത്തിലേക്ക്‌ ചാരിയിരുന്നു. നക്ഷത്രങ്ങളെ നോക്കി, നേര്‍ത്ത പുഞ്ചിരിയോടെ അയാളെ നോക്കിപ്പറഞ്ഞു, ``ഇപ്പോ ഇതൊന്നും ആലോചിക്കേണ്ട. എന്റെ മടിയില്‍ കിടനനോളൂ. സ്വസ്ഥമായി ഉറങ്ങിക്കോളൂ. ഞാന്‍ ഉണര്‍ന്നിരിക്കാം. ഒന്നും പേടിക്കേണ്ട.''
അയാള്‍ക്ക്‌ ഉള്ളില്‍ മുറുകിനിന്നിരുന്ന വേദനകളുടെ കെട്ടുകള്‍ അഴിയുന്നതറിഞ്ഞു. നിലാവിന്റെ വിരല്‍ത്തുമ്പില്‍ നിന്നിറ്റുവീഴുന്ന വെള്ളത്തുള്ളികളേറ്റുകൊണ്ട്‌ അയാള്‍ ചരിഞ്ഞ്‌ അവരുടെ മടിയില്‍ കിടന്നു. ഒരു കൊന്നത്തയ്യ്‌ അടുത്തെവിടെയോ പാദസരം കിലുക്കുന്നുവെന്ന്‌ അയാള്‍ക്ക്‌ തോന്നി.
അവര്‍ മൃദുവായ വിരലുകള്‍ കൊണ്ട്‌ അയാളുടെ മൂര്‍ദ്ധാവ്‌ തലോടി. അനേകം രാത്രികളിലെ നിദ്ര വന്ന്‌ അയാളുടെ മിഴികളെ അമര്‍ത്തി ചുംബിച്ചു. അയാള്‍ ആലസ്യത്തോടെ മയങ്ങാന്‍ തുടങ്ങി. അവര്‍ നേര്‍ത്ത ശബ്‌ദത്തില്‍ പാടി,
പൂത്താലിയാടിക്കളിക്കുന്ന കൊമ്പത്ത്‌
നില്‍ക്കും കണിക്കൊന്നയല്ലേ,
പൂക്കാതിരിക്കാന്‍ എനിക്കാവതില്ലേ..


                                                                                                                 ഡോ. ശ്രീരേഖ പണിക്കര്‍