എന്നും സ്നേഹത്തോടെ പൂര്‍ണിമ

 

 
 
 
 
 
‘ഉറുമി' എന്ന ചിത്രത്തിന്റെ പൂജയുടെ ഇടയിലൊരു നേരം. ക്യാമറാമേന്‍ സന്തോഷ് ശിവനുമൊത്ത് പൃഥ്വിരാജ് സംസാരിച്ചുനില്‍ക്കുന്നു. മല്ലികാസുകുമാരനുമുണ്ട് ഒപ്പം. ഇന്ദ്രജിത്തും പൂര്‍ണിമയും കൂടെ കടന്നെത്തിയപ്പോള്‍ സന്തോഷ് ശിവന് പൂര്‍ണിമയെ പൃഥ്വിരാജ് പരിചയപ്പെടുത്തു.
"ഇത് എന്റെ ചേട്ടത്തി. ഇന്ദ്രന്റെ ഭാര്യ പൂര്‍ണിമ.'' സന്തോഷ് ശിവന്റെ മുഖത്താകെ ചിരി. പൂര്‍ണിമയുടെ മുഖത്തും നിറയെ ചിരി. പിന്നെ സന്തോഷ് ശിവന്‍തന്നെ കാര്യം പറഞ്ഞു.
"ഞങ്ങള്‍ പണ്ടേ പരിചിതരാണ്. നമ്മുടെ വോഡാഫോണ്‍ പണ്ടു ബി.പി.എല്‍. മൊബൈലായിരുന്ന കാലത്ത് ഈ കക്ഷിയെ മോഡലാക്കി ഞങ്ങള്‍ നാഷണല്‍ കാമ്പെയ്ന്‍ ചെയ്തിട്ടുണ്ട്.''
അന്നത്തെ ഓര്‍മ്മച്ചിരിയുമായി പൂര്‍ണിമ പഴയൊരു ഫോട്ടോ തെരഞ്ഞെടുത്തു. ഇതായിരുന്നു അന്നത്തെ കാമ്പെയ്ന്‍. വെള്ള ഗൌണ്‍, വെള്ള മുഖപടവുമിട്ട് കൃസ്ത്യന്‍വധുവായി പൂര്‍ണിമ. ബാംഗ്ളൂര്‍ മോഡലുകള്‍ വന്നാലേ പരസ്യങ്ങള്‍ക്കു പൂര്‍ണതവരൂ എന്ന മിഥ്യാസങ്കല്‍പ്പത്തെ പൊളിച്ചെഴുതിയ തുടക്കക്കാലത്തെ ഒരു ഫോട്ടോ.
വര്‍ഷങ്ങളിലൂടെ കടന്നെത്തിയ പൂര്‍ണിമ ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിതന്നെ. "ഇതു നമ്മുടെ പൂര്‍ണിമയല്ലേ'' എന്ന സ്നേഹത്തോടെ പൂര്‍ണിമയുടെ ടെലിവിഷന്‍ പ്രോഗ്രാമുകളെ അവര്‍ വരവേല്‍ക്കുന്നു. നേരിട്ടുകാണുമ്പോള്‍ എന്തേ, സിനിമയങ്ങു തീര്‍ത്തും വേണ്ട എന്നുവച്ചതെന്നന്വേഷിക്കുന്നു. ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ പുതിയ ചിത്രങ്ങള്‍, മക്കള്‍ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടേയും കുസൃതിവിശേഷങ്ങള്‍ ഒക്കെ ചോദിച്ചറിയുന്നു. 
 
എങ്ങനെയാണ് എന്നുമിങ്ങനെ മലയാളിമനസിലെ അരുമപ്പെണ്‍കുട്ടിയായി ഇടംപിടിച്ചുനില്‍ക്കുന്നത്?
"അത് എന്റെ ഏറ്റവും വലിയൊരു ഭാഗ്യം, അല്ലാതെന്തുപറയാന്‍. അത്യാവശ്യം കുസൃതിയും വികൃതിയും അബദ്ധം കാട്ടലും ഒക്കെയുള്ള ഒരാളാണു ഞാനും. പക്ഷേ, അതൊക്കെയും എന്തോ എല്ലാവരും സ്നേഹത്തോടെ കണ്ടു, കാണുന്നു. അതെന്റെ ഭാഗ്യം..''
പൂര്‍ണിമയുടെ മുഖത്തു വീണ്ടും പുഞ്ചിരി.
"എവിടെയായിരുന്നു തുടക്കം? പിന്നോട്ടു പിന്നോട്ടു തെരഞ്ഞുപോയാല്‍ രണ്ടു കുഞ്ഞു പാദങ്ങളിലെത്തും. നിറയെ മുത്തുകള്‍ കിലുങ്ങുന്ന വെള്ളിപ്പാദസരമിട്ട് നൃത്തം വയ്ക്കുന്ന ഒന്നരവയസുകാരിയില്‍.
എന്നു മുതലാണ് നൃത്തം പഠിച്ചുതുടങ്ങിയത് എന്നു ചോദിച്ചാല്‍ പിച്ചവച്ചകാലം മുതല്‍ എന്നു പറയേണ്ടിവരും. സത്യത്തില്‍ തമിഴ് പിള്ളമാരായ എന്റെ അച്ഛനും അമ്മയും. അച്ഛന്‍ മോഹന്‍ എറണാകുളം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയും അമ്മ ശാന്തി വീട്ടില്‍ത്തന്നെ ശാന്തിനികേതന്‍ എന്നൊരു സ്കൂള്‍ നടത്തുകയും ചെയ്തിരുന്ന കാലം. അനുജത്തി എന്നു പറയുന്നതിനേക്കാള്‍ കൂട്ടുകാരിയെപ്പോലെ പ്രിയ ഒപ്പമുണ്ടായിരുന്ന കാലം.
 
 
അട്ടപ്പാടി എന്നൊരു അമ്പരപ്പ്
ഞാനും അനിയത്തി പ്രിയയും സ്കൂളില്‍ ഒരുദിവസം പോയില്ലെങ്കിലും അമ്മ ഒന്നും പറയില്ല. പക്ഷെ, ഒരു ദിവസമെങ്ങാനും ഡാന്‍സ് ക്ളാസ് മുടക്കുക. മുടക്കിയാല്‍ എന്താകും എന്നറിയില്ല. കാരണം പനിയാണെങ്കിലും ബന്ദാണെങ്കിലും അമ്മ ഞങ്ങളെ ക്ളാസില്‍ വിട്ടിരിക്കും. ഭരതനാട്യം, കുച്ചുപ്പുഡി, മോഹിനിയാട്ടം... അങ്ങനെ ഇനം നൃത്തമാണോ അമ്മ ക്ളാസില്‍ വിട്ടിരിക്കും. അങ്ങനെ അക്കാലത്ത് കേരളത്തില്‍ ഞങ്ങള്‍ ഡാന്‍സ് ചെയ്യാത്ത അമ്പലങ്ങള്‍ കുറവായിരിക്കും. ഒരിക്കല്‍ അട്ടപ്പാടിയില്‍ ഒരു സ്റ്റേജ്. അവിടെ ചെന്നപ്പോള്‍ എനിക്ക് അവരു പറയുന്നതൊന്നും മനസിലായതേയില്ല. ഞാന്‍ അമ്മയോടു ചോദിച്ചു, "അതേയ് നമ്മളിപ്പോ കേരളത്തിലല്ലേ?''
"അതേ''
"എന്നിട്ടെന്താ ഇവരു വേറെ ഭാഷ പറയുന്നത്?''
ഭാഷയേക്കാള്‍ വലിയ പ്രശ്നമുണ്ടായത് സ്റ്റേജില്‍ ചെന്നപ്പോഴാണ്. ഒരു മൈതാനം നിറഞ്ഞുകവിഞ്ഞ് ആള്‍ക്കൂട്ടം. സ്ഥലം തികയാഞ്ഞ് കുറേ സ്ത്രീകള്‍ സ്റ്റേജിലും കയറിയിരിപ്പുണ്ട്. ഞാന്‍ ചെല്ലുമ്പോള്‍ മുന്നില്‍ മാറുമറക്കാതെ ഒരുകൂട്ടം പ്രായംചെന്ന സ്ത്രീകള്‍ നിരന്നിരിക്കുന്നു. ഹൊ! എനിക്കങ്ങു നാണായി. അവര്‍ക്കു നോ പ്രോബ്ളം. ഞാന്‍ അവരെ നോക്കിപ്പോയാല്‍ ആകെ മുഖത്തു വരുന്ന ഭാവം ചിരിയും നാണവുമാണ് കണ്ണടച്ചുപിടിച്ചെങ്ങനെ ഡാന്‍സു കളിക്കും! കളി തുടങ്ങിയപ്പോള്‍ അതിലും തമാശ. എല്ലാവരും ശരിക്കു കളികാണാന്‍ സ്റ്റേജില്‍ തിക്കിതിരക്ക്. സ്റ്റെപ്പ് ഒക്കെ നിന്നിടത്തുതന്നെ നിന്നു ചെയ്യേണ്ട ഗതി. ഒടുവില്‍ കളി കഴഞ്ഞപ്പോഴോ. എനിക്കു ശരിക്കും ഏതോ സൂപ്പര്‍സ്റാറാണെന്നുതോന്നി. അത്രക്കായിരുന്നു അവരുടെ സ്നേഹവും ആരാധനയും.
 
ഡ്രസ്സിംഗ് റൂമിലെ പ്രേതബാധ
അവിടെത്തന്നെ എവിടെയോ ആണ് ഒരിക്കല്‍ ഒരമ്പലത്തില്‍ കളി. ഓലമേഞ്ഞ ഡ്രസ്സിംഗ്റൂം. നോക്കുമ്പോള്‍ ഓലക്കിടയില്‍ രണ്ടു വെള്ളക്കമ്പ് ഹാംഗര്‍പോലെ. ഇതുകൊള്ളാല്ലോ എന്നുവച്ച് ഞങ്ങള്‍ മാറിയിട്ട ബ്ളൌസൊക്കെ അതില്‍ തൂക്കിയിട്ടു. പിന്നെ നോക്കുമ്പോ ഹാംഗറില്ല. ബ്ളൌസുതാഴെക്കിടക്കുന്നു. ഞാനിത് കൂടെ ട്രൂപ്പിലുള്ള കുട്ടികളോടു പറഞ്ഞപ്പോള്‍ അവര്‍ക്കും ഇതേ അനുഭവമുണ്ട്. ഒടുവില്‍ ഞാന്‍ ഒരു നമ്പറടിച്ചു. "ഓ ഇതതുതന്നെ.''
"എന്ത്?''
"പ്രേതബാധ. നേരത്തെ ആരോ പറഞ്ഞിരുന്നു ഈ സ്ഥലത്ത് ഇങ്ങനത്തെ ചില പ്രശ്നമൊക്കെയുണ്ടെന്ന്.''
എല്ലാവരും ശരിക്കും വിശ്വസിച്ചു. ഓര്‍ത്തിട്ട് അതല്ലാതെ ഇതിന് ഒരു വിശദീകരണവുമില്ല. ആദ്യം വെറുതെ ഗുണ്ടു പൊട്ടിച്ചതാണെങ്കിലും പിന്നെ ഓര്‍ത്തപ്പോള്‍ എനിക്കും പേടിയായിത്തുടങ്ങി. തിരിച്ചുപോയാല്‍ മതിയെന്നായി. ഒടുവില്‍ പരിപാടി കഴിഞ്ഞ് സാധനമൊക്കെ പായ്ക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോള്‍ കണ്ടകാഴ്ച.
ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിനുനേരെയാണ് എഴുന്നള്ളത്തിനുള്ള ആനയെ കെട്ടിനിര്‍ത്തിയിരിക്കുന്നത്. ആന പനമ്പട്ടയെടുത്ത് ചവക്കുന്ന അത്രയും സമയം രണ്ടു കൊമ്പിന്റെയും അറ്റം ഓല തുളച്ച് അകത്തുനില്‍ക്കും. അതാണ് ഞങ്ങള്‍ ഹാംഗറാക്കിയത്. സത്യത്തില്‍ അതുകണ്ടപ്പോഴാണ് പേടി തോന്നേണ്ടിയിരുന്നത്. പക്ഷേ, പ്രേതക്കഥയില്‍ പേടിച്ചിരുന്ന ഞങ്ങള്‍ക്ക് അപ്പോഴാണ് സമാധാനമായത്. മഹാഭാഗ്യം ഇത് ആനയല്ലേ, പ്രേതമല്ലായിരുന്നല്ലോ.
 
ലാസ്യഭംഗിയും കമ്പിളിപ്പുതപ്പും
തീരെ ചെറിയ പ്രായത്തില്‍ അരങ്ങിലെത്തിയകാലം. മെലിഞ്ഞു കോല്‍ പരുവത്തിലിരിക്കുന്ന ഞാന്‍ ഒരിക്കല്‍ മൂന്നാറില്‍ മോഹിനിയാട്ടത്തിന് ഡ്രസ്സൊക്കെ ചെയ്തുവന്നു. എന്റെ നൃത്താധ്യാപിക മണിടീച്ചര്‍ ആകെ മൊത്തം ഒന്നുനോക്കി. എന്നിട്ടുചോദിച്ചു, "നീ ബ്ളാങ്കറ്റു കൊണ്ടീവന്നിട്ടുണ്ടോ?'' മൂന്നാറില്‍ ഗംഭീര തണുപ്പാണ്. ഞാന്‍ ചോദ്യം കേട്ടമ്പരന്നു. തണുത്തിട്ട്, ശകലം വിറക്കുന്നൊക്കെയുണ്ട് എന്നു കരുതി ബ്ളാങ്കറ്റും പുതച്ചുകൊണ്ട് സ്റ്റേജില്‍ കയറാനോ?
"നീ ബ്ളാങ്കറ്റെടുക്ക്'' ടീച്ചര്‍ പിന്നെയും നിര്‍ബന്ധിച്ചു. ഒടുവില്‍ ഞാന്‍ ബ്ളാങ്കറ്റെടുത്തു കൊടുത്തു. ടീച്ചറതു സുന്ദരമായി മോഹിനിയാട്ടം ഡ്രസ്സിനു താഴെ ചുരുക്കിചുരുക്കി ഉടുപ്പിച്ചു. എന്നിട്ടു പിന്നെയും നോക്കി. അപ്പോഴാണ് കാര്യം പറയുന്നത്.
"ഇപ്പോള്‍ കണ്ടാല്‍ മനുഷ്യക്കോലമായി. ഇനി പോയി  നൃത്തം ചെയ്യ്.''
എനിക്കാകെയൊരു വല്ലായ്മ ഈ ബ്ളാങ്കറ്റിന്റെ ഭാരവും വച്ചാണ് അന്നു നൃത്തം ചെയ്തത്. തിരിച്ചുവന്നപ്പോള്‍ ടീച്ചറുടെ വക പ്രത്യേക അഭിനന്ദനം. ഇന്നത്തെ നിന്റെ കളി അസ്സലായി. ലാസ്യഭംഗീന്നൊക്കെ പറഞ്ഞാല്‍ അതങ്ങനെ തെളിഞ്ഞുനില്‍ക്കുകയായിരുന്നു. എങ്ങനെങ്കിലും ഒന്നു വണ്ണംവച്ചു കിട്ടണേ എന്നു ഞാന്‍ മനസുനൊന്തു പ്രാര്‍ത്ഥിച്ചുപോയ നിമിഷമായിരുന്നു അത്.
 
ഇതിഹാസങ്ങള്‍ക്കൊപ്പം വിലയറിയാതെ
ഒരിക്കല്‍കൂടി എനിക്കങ്ങനെ ഒരവസരം കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ കൊതിക്കുന്ന ചില അനുഭവങ്ങളുണ്ട് അക്കാലത്തെ ഓര്‍മ്മകളില്‍. അതിലൊന്നാണ് കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ മുന്നില്‍ ചുവടുവച്ച ബാല്യകാലം. തീരെ ചെറിയ കുട്ടിയാണ് അന്നു ഞാന്‍. കൃഷ്ണന്‍ നായരാശാന്‍ എന്ന മഹാത്ഭുതമാണ് വീട്ടിനുമുന്നില്‍ ചാരുകസേരയിലിരിക്കുന്ന മുത്തശ്ശന്‍ എന്നൊന്നും അറിയില്ല. അക്കാലത്ത് ഞായറാഴ്ച രാവിലെ ടി.വിയില്‍ മഹാഭാരതം വരും. എന്തു ക്ളാസാണെങ്കിലും എനിക്കതു കാണണം. പൂമുഖത്ത് മുത്തശ്ശന്റെ ടിവിയില്‍ "അത ശ്രീ മഹാഭാരത്കഥ..'' എന്ന പാട്ടുതുടങ്ങിയാല്‍ ഞാനെന്തെങ്കിലും പഴുതുകണ്ടുപിടിക്കും. വെള്ളം കുടിക്കണം, ബാത്റൂമില്‍ പോകണം അല്ലെങ്കില്‍ കാലു കഴക്കുന്നു. നേരെ മുത്തശ്ശന്റെയടുത്തെത്തും. സീരിയല്‍ കാണും. മനസിലാകാത്തത് മുത്തശ്ശന്‍ പറഞ്ഞതരും. മുത്തശ്ശന്റെ കഥ പറയലാണ് സീരിയലിനേക്കാള്‍ രസം എന്നു പറയുന്ന അന്നത്തെ കൊച്ചുപെണ്‍കുട്ടിയെക്കുറിച്ചോര്‍ക്കുമ്പോള്‍.... എനിക്കറിയില്ലായിരുന്നല്ലൊ മീത്തശ്ശന്‍തന്നെ ഒരു മഹാഭാരതകഥയായിരുന്നുവെന്ന്.
അതേപോലെ സാക്ഷാല്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ ഞങ്ങള്‍ക്കു മുത്തശ്ശിയായിരുന്നു. ഞങ്ങള്‍ മോഹിനിയാട്ടം കളിക്കുമ്പോള്‍ മുത്തശ്ശി അവിടെ വന്നിരിക്കും. ഓരോ ആട്ടവും ശ്രദ്ധിച്ചുകാണും. അതില്‍ ‘ആളിവേണി എന്തു ചെയ്തു' എന്ന പദം വരുമ്പോള്‍ അടക്കാന്‍ വയ്യാത്ത മട്ടില്‍ മീത്തശ്ശിയുംകൂടി ഇറങ്ങിവന്നുകളിക്കും. തീരെ വയ്യാതിരിക്കുന്ന കാലമായിട്ടും എന്തൊരു കുലീനതയായിരുന്നു ആ ചലനങ്ങള്‍ക്ക്, എത്ര തിളക്കമായിരുന്നു ആ കണ്ണുകള്‍ക്ക്.
പിന്നെ കുറച്ചുവലുതായി മോഹിനിയാട്ടത്തില്‍ത്തന്നെ ശ്രദ്ധവെച്ച് ദേശീയ സ്കോളര്‍ഷിപ്പിനു ചെല്ലുന്ന കാലത്താണ് മുത്തശ്ശിയമ്മ സത്യത്തില്‍ ആരായിരുന്നീു എന്നു തിരിച്ചറിഞ്ഞത്. രണ്ടുതവണ എനിക്ക് മോഹിനിയാട്ടത്തില്‍ സ്കോളര്‍ഷിപ്പു കിട്ടിയിട്ടുണ്ട്. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയെ കണ്ടിട്ടുണ്ട് എന്നു പറഞ്ഞാല്‍പോലും ഈ മേഖലയില്‍ മറ്റുള്ളവര്‍ നമ്മളെ ‘ഹൊ എന്തൊരു ഭാഗ്യം' എന്ന അമ്പരപ്പോടെയാണു പിന്നെ നോക്കീക്കാണുക.
അത്തരം ഒരനുഭവം പിന്നീട് ഒരു ടെലിഫിലിം ചെയ്യുന്ന സമയത്താണ് ഉണ്ടായത്. ഇന്നെനിക്കു നന്നായറിയാം. പി. എന്‍. മേനോന്‍ എന്ന സംവിധായകന്റെ മഹത്വം, ശോഭ എന്ന നടിയുടെ വിസ്മയം. പക്ഷെ, അന്ന് ടി.വി.തന്നെ കഷ്ടിച്ചേയുള്ളൂ. പഴയ സിനിമകള്‍ ആരും കാണാറുണ്ടായിരീന്നില്ല. നൃത്തം, മോഡലിംഗ്, പെപ്സിടോപ്ടെന്‍ ഇതൊക്കെയല്ലാതെ ക്വിസ്മത്സരത്തില്‍ ജയിക്കാനുള്ള പൊതുവിവരമൊന്നും എനിക്കുണ്ടായിരുന്നില്ല. അക്കാലത്തൊരു ടെലിഫിലിം. പ്രധാന കാരക്ടറാണെനിക്ക്. സംവിധായകന്‍ പി. എന്‍. മേനോന്‍. ഓരോ ഷോട്ടും കഴിയുമ്പോള്‍ അദ്ദേഹം ‘കൊള്ളാം' എന്നൊക്കെ പറയുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരാളുടെ അടുത്തീനിന്ന് അങ്ങനെ ഒരു കമന്റ് വരുന്നതിലെ ഭാഗ്യമൊന്നും അന്നെനിക്കു മനസിലായതേയില്ല. അടക്കെപ്പോഴോ ഒരു ഷോട്ടു കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. "നന്നായി, എനിക്ക് ശോഭയെ ഓര്‍മ്മവരുന്നു.'' അപ്പോഴും എനിക്കു പ്രതികരണമൊന്നുമില്ല. തുറന്നുപറയട്ടെ, ആ സമയത്ത് ഞാന്‍ മനസില്‍ ആലോചിച്ചത്, ആരായിരിക്കും ഈ ശോഭ! ഈ സാറിന്റെ മോളായിരിക്കുമോ? എന്നാണ്. ഇന്നും ഓര്‍മ്മിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ട്.
 
തകര്‍ന്നുവീണ സൌഹൃദങ്ങള്‍
ആര്‍. ഉണ്ണി സംവിധാനം ചെയ്ത സിനിജുവല്‍സായിരുന്നു എന്റെ ആദ്യ പരിപാടി. ഏഷ്യാനെറ്റിന്റെ ആരംഭത്തില്‍ത്തന്നെ ഞാന്‍ അവതാരകയായി. അടുത്തത് പെപ്സി ടോപ്ടെന്‍. മലയാളം അറിയാത്ത ഞാന്‍ തട്ടിയും മുട്ടിയും മലയാളം പറയുന്നതുകേട്ട് പലരും വിമര്‍ശിച്ചിട്ടുണ്ടാവണം അന്ന്. പെപ്സി ടോപ്ടെന്‍ എന്ന പരിപാടി അവതരിപ്പിക്കുമ്പോഴേക്കും പ്രശ്നം രൂക്ഷമായി. ആ സമയത്ത് മനോരമ ബാലജനസഖ്യവുമായി പ്രവര്‍ത്തിച്ചതുകൊണ്ടു മത്രമാണ് വീട്ടിലും മറ്റും തമിഴ് മാത്രം പറയുന്ന ഞാന്‍ അസ്സല്‍ മലയാളിയായി മാറിയത്. ഭാഷ നന്നായി പഠിച്ചു. ഈ സമയത്തുതന്നെ മോഡലിംഗിലേക്കും ഞാന്‍ ശ്രദ്ധവെച്ചിരുന്നു. വിജയ് കറിമസാല, വി-സ്റാര്‍, ശീമാട്ടി, എച്ച്.എം.ടി, കേരഫെഡ്... അങ്ങനെയങ്ങനെ ബി.പി.എല്‍. ബി.പി.എല്ലിന്റെ പരസ്യത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധകിട്ടിയത്. 2000ല്‍. എറണാകുളത്തെ ഞങ്ങള്‍ മോഡലുകളെല്ലാം ചേര്‍ന്ന് വലിയൊരു സൌഹൃദസംഘമുണ്ടാക്കി മില്ലേനിയംഷോ എന്നൊരു പരിപാടിയൊക്കെ നടത്തി സന്തോഷിച്ചു നടക്കുന്ന ദിവസങ്ങളുടെ ഒടുവിലായിരുന്നു അപ്രതീക്ഷിതമായി അത് സംഭവിച്ചത്. അതിലൊരു സുഹൃത്തായിരുന്നു ജീവന്‍. വലിയൊരു മോഡലായി ലോകം മുഴുവന്‍ അറിയപ്പെടണമെന്നു സ്വപ്നം കണ്ടവന്‍. നോക്കിക്കോളൂ ഒരുദിവസം എല്ലാ പത്രത്തിലും ഒന്നാംപേജില്‍ എന്റെ പടവും വാര്‍ത്തയും വരും, ‘പ്രശസ്ത മോഡല്‍ ജീവന്‍' എന്നൊക്കെ സ്ഥിരം പറയുമായിരുന്ന നല്ലൊരു ചങ്ങാതി. ക്രിസ്മസ് ആഘോഷത്തിന് അതിരപ്പള്ളിയിലേക്കു പോകുംമുമ്പും അവന്‍ എന്നെ വിളിച്ചിരുന്നു. പിന്നീട് വന്നത് മറ്റൊരു ഫോണാണ്. അവന്റെ മരണവാര്‍ത്ത അറിയിക്കുന്ന ഫോണ്‍. പിറ്റേന്ന് എറണാകുളത്തെ എല്ലാ പത്രത്തിലും അവന്റെ ഫോട്ടോ വന്നു, വാര്‍ത്തയും. മോഡല്‍ ജീവന്‍ അപകടത്തില്‍ മരിച്ച വാര്‍ത്ത. ഞങ്ങളുടെ സുഹൃദ്സംഘം അതോടെ ചിതറിപ്പോയി. പരസ്പരം ഫോണ്‍വിളികള്‍ കുറഞ്ഞു, സംസാരങ്ങളും. അനിയനെപ്പോലെ സ്നേഹിച്ചിരുന്ന ജീവന്റെ മരണവും സൌഹൃദങ്ങളുടെ വഴിപിരിയലും എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. വീട്ടിലേക്ക് ചുരുങ്ങിപ്പോയ ദിവസങ്ങളായിരുന്നു അന്ന്.
വീട്ടില്‍ ഒതുങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു ആ ഫോണ്‍ ബെല്ലടിച്ചത്. ഞാന്‍ ഫോണെടുത്തു. അപ്പുറത്തുനിന്നൊരു ഘനസ്വരം.
"പൂര്‍ണിമയല്ലേ, ഞാന്‍ തിലകനാണ്.''
ഞാന്‍ അമ്പരന്നുനിന്നു.
"ങാ, ഞാന്‍ വിളിച്ചത് ഞാന്‍ ആദ്യമായി സീരിയല്‍ ചെയ്യുന്നു. ജയഭാരതിയുമുണ്ട്. അതിലെന്റെ മകളുടെ വേഷം. അതു ചെയ്യണം. ന്താ പറ്റില്ലേ?''
ഞാനൊന്നും പറയുന്നില്ല. അതേപടി നില്‍പ്പാണ്. ഒടുവില്‍ അച്ഛന്‍ വന്ന് ഫോണ്‍വാങ്ങി.
അങ്ങനെയായിരുന്നു പെയ്തൊഴിയാതെ എന്ന പരമ്പരയില്‍ ഞാന്‍ യമുനയായി എത്തുന്നത്. മല്ലികാസുകുമാരന്‍ എന്ന എന്റെ ഭാവി അമ്മയെ കാണുന്നത്, അമ്മയെ കൂട്ടാനെത്തിയ ഇന്ദ്രനെ കാണുന്നത്.
 
വീട്ടുവിശേഷങ്ങള്‍
"ഹൊ! മല്ലികാസുകുമാരന്‍ അമ്മായി അമ്മയായിട്ട് സീരിയലൊക്കെ തകര്‍ക്കുന്നതു കണ്ടിട്ടുണ്ട് വീട്ടിലെങ്ങനാ? പേടിയില്ലേ?'' പലരും ചോദിക്കാറുണ്ട്. അതുകേള്‍ക്കുമ്പോള്‍ എനിക്കു ചിരിവരും. അമ്മയുടെ രീതി അങ്ങനെയേ അല്ല.
അമ്മ ആദ്യമായി അഭിനയിക്കുന്ന പരമ്പരയായിരുന്നു പെയ്തൊഴിയാതെ. എന്റെ വല്യമ്മച്ചിയായാണ് അതില്‍ അമ്മ. ഞാന്‍ അന്നു ശ്രദ്ധിച്ചത് അമ്മയെ ആ മക്കള്‍ എത്ര കെയര്‍ ചെയ്യുന്നു എന്നതാണ്. അമ്മയെ കൊണ്ടുപോകാന്‍ മണിക്കൂറുകളോളം കാത്തിരുന്ന് അമ്മയുമായി പോകുന്ന ഇന്ദ്രന്‍. രാത്രി ഒമ്പതുമണിക്കെത്തിയാല്‍ ചിലപ്പോള്‍ മൂന്നുമണിക്കാകും ഷൂട്ടിംഗ് തീരുന്നത്. അതുവരെ അമ്മയെകാത്ത് കാറില്‍ത്തന്നെയിരിക്കുന്ന ഇന്ദ്രന്‍. അന്നുവരെ ഞാന്‍ കണ്ടിരുന്ന ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തത, സ്നേഹം എല്ലാം ഞാന്‍ ഇന്ദ്രനില്‍ കണ്ടു. മൂന്നുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചു. അതിനൊടുവില്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം. 
 
വീട്ടില്‍ ഞങ്ങള്‍ സിനിമാവിശേഷങ്ങള്‍ ഒന്നും പറയാറേയില്ല. ഞാന്‍ കാണിച്ചുകൂട്ടുന്ന അബദ്ധങ്ങളാണ് മിക്കവാറും ചര്‍ച്ചാവിഷയം. യാത്രകളാണ് പ്രധാന സന്തോഷം. ഇന്ദ്രനും രാജുവും മത്സരിച്ച് കോമഡികള്‍ സൃഷ്ടിക്കും വഴിനീളെ. തമിഴില്‍ അക്കാലത്ത് ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ടായിരുന്നു. കോലങ്ങള്‍. അതില്‍ ഉശിരന്‍ വില്ലത്തി കഥാപാത്രമാണ്. കുഗ്രാമങ്ങളില്‍പോലും സീരിയല്‍ പോപ്പുലര്‍. ഒരിക്കല്‍ കോയമ്പത്തൂര്‍ വഴി ഞങ്ങള്‍ വണ്ടിയില്‍ പോവുകയാണ്. വഴിയിലൊരു ബിരിയാണിക്കട. അവിടെ വലിയ പോപ്പുലര്‍ ആണത്. രാജു കൂളിംഗ് ഗ്ളാസൊക്കെവച്ച് കണ്ടാല്‍ ആര്‍ക്കും പിടികിട്ടാത്ത സ്റ്റൈലിലാണിരിപ്പ്. ഞാനും ഇന്ദ്രനും പിറകില്‍. അവിടെ ആ ആള്‍ക്കൂട്ടത്തിനിടയില്‍ വണ്ടിനിര്‍ത്തിയിട്ട് ഡ്രൈവറെക്കൊണ്ട് രാജു പറയിക്കുകയാണ്.
"ദാ, പിന്നാലെ കോലങ്ങളിലെ പെരിയനടി മേനക ഇരിക്കാങ്ക. അവര്‍ക്ക് നാലു പായ്ക്കറ്റ് ബിരിയാണി ശീഘ്രം കൊടുങ്കൊ'' എന്ന്. ജനം രാജുവിനെയും ഇന്ദ്രനെയും കാണുന്നില്ല. അവര്‍ പ്രതീക്ഷിക്കുന്നില്ലല്ലൊ. ശരിക്കും ബാക്കിയുള്ള രണ്ടുപേര്‍ അതിനേക്കാള്‍ കൂടിയ കക്ഷികളാണെന്ന്. മിനിട്ടുവച്ച് ബിരിയാണിയെത്തി. ഇത്തരം നിര്‍ദ്ദോഷതമാശകളാണ് ഇവരുടെ കൈയിലുള്ളത്.
 
ഇനി എന്റെ ഇന്ദ്രനും പാത്തുവും നച്ചുവും. ഓരോ നിമിഷവും എന്നെ ഭാഗ്യവതിയെന്നോര്‍മ്മിക്കുന്ന നിധികള്‍. താരകുടുംബത്തിലെ അംഗങ്ങളായല്ല ഞങ്ങളുടെ മക്കളും വളരുന്നത്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന സമയമത്രയും ഞങ്ങള്‍ മക്കള്‍ക്കായി ചെലവഴിക്കുന്നു. ഏതു യാത്രയിലും ഞങ്ങള്‍ക്ക് ഏറെ ആത്മവിശ്വാസം തരുന്ന കരുതല്‍ധനം ഏതെന്നോ ആദ്യം പറഞ്ഞ ആ സ്നേഹംതന്നെ. ഇതു ഞങ്ങളുടെ ഇന്ദ്രനല്ലേ, ഇതു ഞങ്ങളുടെ പൂര്‍ണിമയല്ലേ എന്ന സ്നേഹം അതു മലയാളിയുടെ മനസില്‍ ഞങ്ങള്‍ക്കായി കരുതിവച്ചിട്ടുണ്ട് എന്ന അറിവുതന്നെ.  ഈശ്വരന്‍ എന്ന നിശബ്ദ സാന്നിധ്യം എന്നെ കൈപിടിച്ചുനടത്തുകയാണ് എപ്പോഴും.